K B Ganesh Kumar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
K B Ganesh Kumar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കിൽ എടുക്കണം... #Driving_Test

 


ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോര്‍വാഹന ചട്ടങ്ങളനുസരിച്ച് ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തില്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. കൂടാതെ എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണം.

കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക.

എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്‍ ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും.

ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്‍ 80 പേരില്‍ 51 പേര്‍ വിജയിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് പറഞ്ഞു. എം 80 ഉപയോഗിച്ചുള്ള അവസാനത്തെ ടെസ്റ്റായതിനാല്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഇരുചക്ര വാഹനങ്ങള്‍ മാലയിട്ട് അലങ്കരിച്ചുമൊക്കെയാണ് എട്ടെടുക്കാന്‍ കൊണ്ടുവന്നത്.

മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് ഡ്രൈവിങ് പരിഷ്‌കരണത്തിന്റെ ഭാഗമായി നിര്‍ദേശിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍ ഗിയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. നിര്‍ദേശം നടപ്പാകുന്നതോടെ മോട്ടോര്‍ സൈക്കിളുകള്‍ത്തന്നെ ഉപയോഗിക്കേണ്ടതായി വരും.

നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ അപര്യാപ്തമാണെന്നുകണ്ടാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവര്‍ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചെലവ് ചുരുക്കാൻ KSRTC; കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലാത്ത ട്രിപ്പുകൾ റദ്ദാക്കും... #KSRTC


 

 കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാൻ കെ.എസ്.ആർ.ടി.സി. വരുമാനം വർധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അറിയിക്കാൻ യൂണിറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സർവീസ് നടത്തണം. എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കിൽ അത് റദ്ദാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കിലോമീറ്ററിന് എഴുപതു രൂപയിൽ കൂടുതൽ വരുമാനം നേടുന്ന അഡീഷണൽ സർവീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികൾക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകൾ നടത്തിയാൽ അതിന് ഉത്തരവാദിയായവർ കാരണം ബോധിപ്പിക്കേണ്ടിവരും.

യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേർന്ന് അവരുടെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക്‌ അയയ്ക്കണം. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കിൽ അതും അറിയിക്കണം. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ബസ്‌ സ്റ്റേഷനുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കണം. പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിന്റെ യൂ ടേണ്‍... #Ganesh_Kumar

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സിഐടിയു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുതുക്കിയിരിക്കുന്നത്.
പുതിയ ഉത്തരവിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശോധനയില്‍ അവിടെ ഇന്‍സ്ട്രക്ടറുമാരുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ഇന്‍സ്ട്രക്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം; മല്‍സരയോട്ടം വേണ്ട’; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് മന്ത്രി... #Kerala_News


 KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്. ജോലിയിൽ കൃത്യനിഷ്‌ഠ പാലിക്കണം. രണ്ടുബസുകൾ സമാന്തരമായി നിർത്തരുത്. ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടിയെന്നും മന്ത്രി അറിയിച്ചു.

അതേസമയം തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ തൃശൂരിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി.

ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ വി ഷിജിത്ത്, കണ്ടക്ടർ ടി പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവില്‍ പുത്തന്‍ മാറ്റങ്ങളുമായി ഗതാഗത വകുപ്പ്.... #Driving_Test

 


ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്.

പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതി. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം.

ഗ്രൗണ്ട് നവീകരണത്തിന് പുതിയ ഡിസൈൻ തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകൾ ഒരു മാസത്തിനുള്ളിൽ ഗതാഗത കമ്മീഷണർക്ക് സമർപ്പിക്കാനും നിർദ്ദേശം. ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ചർച്ച വിജയിച്ചു: ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു, സർക്കുലറിൽ ഇളവ് വരുത്തി...#Driving_Test

 

 ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോഗസ്ഥനും 40 ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും ചർച്ചയിൽ അംഗീകരിച്ചു. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കൻ  പുതിയ കമ്മീഷനെ നിയോഗിക്കും.15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു സമരത്തെത്തുടർന്ന്  ഡ്രൈവിംഗ്  ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0