‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ് ;‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്‌ദാനം ചെയ്ത് പറ്റിച്ചു'... #Filmnews


 
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ്. ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പോലീസ് കേസെടുത്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ചിത്രത്തിന് ഏഴുകോടി വാങ്ങിയ ശേഷം ലാഭവിഹിതം വാഗ്ദാനം ചെയ്തെന്നാണ് കേസ്. എറണാകുളം സബ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.

മഞ്ഞുമ്മൽ ബോയ്സ് പ്രൊഡ്യൂസർമാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂർ സ്വദേശി സിറാജിൻ്റെ പരാതിയിലാണ് കോടതി നടപടി. ഏഴുകോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്ന് പരാതി. പറവ ഫിലിംസിൻ്റെയും പങ്കാളി ഷോണിൻ്റെയും അക്കൗണ്ടുകൾ മരവിപ്പിക്കും. നിർമ്മാതാക്കളായ സൗബിൻ ഷാഹിറിനും ബാബു ഷാഹിറിനും നോട്ടീസ് നൽകിയിട്ടുണ്ട്.

40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിൻറെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ പണം കൈക്കലാക്കുകയും പിന്നീട് ലാഭമോ നിക്ഷേപമോ നൽകാതെ കബളിപ്പിക്കുകയും ചെയ്തതായി ഹർജിയിൽ ആരോപിക്കുന്നു.

ചിത്രം ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപയും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം 20 കോടിയോളം രൂപയും കളക്ഷൻ നേടിയതായി ഹർജിയിൽ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴ് കോടി വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.