ദാരുണം ! ട്രക്കും കാറും കൂട്ടി ഇടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. #Accident

 

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു.

അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നീലം ഗോയൽ (55), മകൻ അശുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ (58), ഇവരുടെ മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32), രണ്ട് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്.

രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഡ്രൈവർ പഞ്ഞി ലോഡുമായി വന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന എൽപിജി കിറ്റ് പൊട്ടിത്തെറിച്ചു.

ട്രക്കിലെ പഞ്ഞിക്കാണ് തീപിടിച്ചത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാറിൻ്റെ ഡോർ തുറക്കാനായില്ല. ഇതോടെ കാർ പൂർണമായും കത്തിനശിച്ചു. സഹായത്തിനായി യാത്രക്കാർ നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷി രാംനിവാസ് സൈനി പറഞ്ഞു. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും ഏഴുപേരും മരിച്ചിരുന്നു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും സഹായിയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.