കേന്ദ്രത്തിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി ; കേരളത്തെ സാമ്പത്തികമായി തളർത്താനുള്ള ശ്രമങ്ങൾക്കെതിരെ വിമർശനം. #SupremeCourt

ന്യൂഡൽഹി : കടമെടുപ്പ് പരിധി കേസിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി.  ഉപാധികളില്ലാതെ 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തെ അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു  21,000 കോടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദേശിച്ചു.  ബുധനാഴ്ച വൈകീട്ട് സെക്രട്ടറിതല ചർച്ച നടത്താനാണ് നിർദേശം.

 ഈ സാമ്പത്തിക വർഷം 13,608 കോടി രൂപ കൂടി കടമെടുക്കാൻ കേരളത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.  എന്നാൽ കേരളം സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന വ്യവസ്ഥ കേന്ദ്രം മുന്നോട്ടു വച്ചിരുന്നു.  കേന്ദ്രത്തിൻ്റെ ഈ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു.  കേന്ദ്രത്തിനെതിരെ സ്യൂട്ട് പെറ്റീഷൻ നൽകാൻ കേരളത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  ആ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിലെയും കേരളത്തിലെയും രാഷ്ട്രീയ നേതാക്കൾ ചർച്ചകൾ നടത്തുമ്പോൾ വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് സുപ്രീം കോടതി.  എല്ലാവരും പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.  എന്നാൽ കേന്ദ്രത്തിൽ ഒരു പ്രസ്താവനയും നടത്തുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട രമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട രാമനും ഹാജരായി.  കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാൻഡിംഗ് കോൺസൽ സി കെ ശശി, സീനിയർ ഗവൺമെൻ്റ് പ്ലീഡർ വി.  മനു എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.