മക്കൾ ബൈക്കിൽ അഭ്യാസം നടത്തി, അമ്മമാർക്ക് കോടതി നൽകിയത് വൻ പിഴ.. #Motor vehicleDepartment #CourtNews

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചതിന് അമ്മമാർക്ക് കോടതി നൽകിയത് വൻ പിഴ.
വടകരയിലെയും തലശ്ശേരിയിലെയും കോടതികൾ അമ്മമാരെ ശിക്ഷിച്ചു.  തലശ്ശേരി ചൊക്ലി കവിയൂർ സ്വദേശിനിയായ യുവതിക്ക് പതിനാറുകാരനായ മകനെ ബൈക്ക് യാത്രക്ക് നൽകിയ സംഭവത്തിൽ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 30,000 രൂപ പിഴ വിധിച്ചു.

  ഏപ്രിൽ മൂന്നിന് സ്കൂൾ വിദ്യാർഥിയായ മകൻ കവിയൂർ–പെരിങ്ങാടി റോഡിൽ അപകടകരമായി ബൈക്ക് ഓടിച്ചു.  കൈകാണിച്ചിട്ടും ചൊക്ലി സബ് ഇൻസ്പെക്ടർ നിർത്തിയില്ല.  വാഹന ഉടമ ജീവനോടെയില്ലെന്നും കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയത് അമ്മയാണെന്നും കണ്ടെത്തി.  തുടർന്ന് ചൊക്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
  വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.വി.  ഷീജയ്ക്ക് 30,200 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.  ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.  വാഹന രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.

  പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾ റോഡിൽ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.  നിയമം കർശനമായി നടപ്പാക്കാനും കുട്ടി ഡ്രൈവർമാരെ റോഡിൽ നിന്ന് ഒഴിവാക്കാനുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

  പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുകയോ നിയമം ലംഘിക്കുകയോ ചെയ്താൽ വാഹനം നൽകിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും.  വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും.  വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷത്തിന് ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.  അതായത് 18 വയസ്സായാലും ലൈസൻസ് കിട്ടില്ല.  മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികൾ 2019ൽ നിലവിൽ വന്നു.