ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് പാലക്കാട്ടുവച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. തിരുവാഴി കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം.
ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ 38 പേരുണ്ടായിരുന്നു. ഇതിൽ രണ്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ മലപ്പുറം എടയത്തൂർ സ്വദേശി സൈനബ ബീവിയാണ്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബസിനടിയിൽപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റു. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേതുടർന്നാണ് രണ്ട് പേർ മരിച്ചതെന്ന് എംഎൽഎ പ്രതികരിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് സമീപത്തെ ആശുപത്രികളിൽ എത്തിച്ചു.
ചെർപ്പളശ്ശേരിക്ക് ഏറ്റവും അടുത്തുള്ള സ്ഥലമാണ് തിരുവാഴി. ഇവിടെ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. ബസിനടിയിൽപ്പെട്ട ഒരു പുരുഷനും സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.