ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ആഗസ്റ്റ് 2023 | #Short_News #News_Headlines

• അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ഗാന്ധി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

• ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 10 ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

• ഇലക്ട്രോണിക് വാഹന ഉൽപ്പാദനരംഗത്ത് വൻമാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന ലിഥിയം ടൈറ്റനേറ്റ്‌ (എൽടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച്‌ കേരളം. സംസ്ഥാനത്ത് ഇ-വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌കിന്റെ മുൻകൈയിൽ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്‌ കൺസോർഷ്യമാണ്‌ ബാറ്ററി വികസിപ്പിച്ചത്.

• വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്‌ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാൻ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്‌. ഇന്ന്‌ ഇന്ത്യൻ സമയം രാത്രി എട്ടിനാണ്‌ കളി.

• എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്‌ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

• സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

• കാര്‍ഷികോല്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും ഫലപ്രദമായ വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ) രൂപീകരിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

• ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 6,366 കോടി കുടിശിക നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ വകയില്‍ 6233 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ രേഖാ മൂലം അറിയിച്ചു.

• മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0