ജീവിക്കാന്‍ സമ്മതിക്കുന്നില്ല, തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ്‌ നിഹാദിനെതിരെ വേണ്ടും പോലീസ് കേസ്.. #YoutuberThoppi


യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ മറ്റൊരു കേസ് കൂടി. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു. മുഹമ്മദ് നിഹാദ് കാരണം ജോലി കിട്ടാതെ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാൻ കഴിയുന്നില്ലെന്നും സജി സേവ്യർ പരാതിയിൽ പറയുന്നു.

മുള്ള് കമ്പിവേലി നിര്‍മ്മിച്ചു നല്‍കി ഉപജീവനം നടത്തുന്ന ആളാണ് സജി സേവ്യർ. വൈദ്യുതിത്തൂണിലും മറ്റും കമ്പിവേലി നൽകുമെന്ന് കാണിച്ച് ഫോൺ നമ്പർ എഴുതിയ ചെറിയ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈൽ ഫോണിൽ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഇത് യാതൊരു പ്രകോപനവുമില്ലാതെയാണെന്ന് സജി പറയുന്നു. ഇതിന് പുറമെ സജിയുമായുള്ള ഫോൺ സംഭാഷണവും ഇയാളുടെ നമ്പറും മുഹമ്മദ് നിഹാദ് യൂട്യൂബിൽ പോസ്റ്റ് ചെയ്തു.


തുടർന്ന് പലരും സജി സേവ്യറിന്റെ ഫോണിലേക്ക് വിളിച്ച് അസഭ്യം പറയാൻ തുടങ്ങി. 11 നും 16 നും ഇടയിൽ പ്രായമുള്ളവരാണ് തന്നെ വിളിക്കുന്നവരിൽ ഭൂരിഭാഗവും എന്ന് സജി സേവ്യർ പറയുന്നു. തുടർന്ന് ഏപ്രിൽ 17 ന് സജി സേവ്യർ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി. എന്നാൽ ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അസഭ്യം പറഞ്ഞതിന് വളാഞ്ചേരി പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജി സേവ്യർ വീണ്ടും പോലീസിനെ സമീപിച്ചത്.

MALAYORAM NEWS is licensed under CC BY 4.0