ബിജെപി നേതാവ് ആദിവാസി യുവാവിന്‍റെ മേല്‍ മൂത്രമൊഴിച്ച് വീഡിയോ ചിത്രീകരിച്ചു, പ്രതിഷേധം ശക്തം. #BJPLeaderUrinateonTribalYouth

 


മധ്യപ്രദേശിൽ ആദിവാസി യുവാവിന് നേരെ മൂത്രമൊഴിച്ച് ക്രൂരത. പ്രതി പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അടിയന്തര നിർദേശത്തെ തുടർന്ന് ഇന്നലെ രാവിലെ കുബ്രിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. വീഡിയോ ചിത്രീകരിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം. അശ്ലീലവാക്കുകൾ ഉപയോഗിച്ച പ്രതികൾ നിലത്തിരുന്ന യുവാവിന് നേരെ മൂത്രമൊഴിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം വിവാദമാക്കിയ പ്രതിപക്ഷം, പ്രതിക്ക് ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപി നാലംഗ സമിതിയെ നിയോഗിച്ചതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ്മ പറഞ്ഞു.

ഹീനമായ പ്രവൃത്തി സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കരുതെന്നും ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനത്താണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും പിസിസി അധ്യക്ഷൻ കമൽനാഥ് ആവശ്യപ്പെട്ടു. സംഭവം ലജ്ജാകരവും അപലപനീയവുമാണെന്ന് ബിഎസ്പി നേതാവ് മായാവതിയും പ്രതികരിച്ചു.

MALAYORAM NEWS is licensed under CC BY 4.0