ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 16 ജുലൈ 2023 | #News_Headlines #Short_News

• ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് ആണ്. യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു.

• സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. സാക്ഷരതാ യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം നടത്തും.

• ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ  ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170-42,000 കിലോമീറ്ററായി ഉയർന്നു.

• അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി സുപ്രീംകോടതിയിൽ. വിചാരണക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്‌ രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്‌.

• വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വാന്‍ദ്രോഷോവ. ശനിയാഴ്ച നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് (6-4, 6-4) വാന്‍ദ്രോഷോവ കന്നി വിംബിള്‍ഡണ്‍ നേട്ടം സ്വന്തമാക്കിയത്.

• ഡൽഹി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോണ്‍ഗ്രസില്‍ ധാരണയായി. ഇന്നലെ ചേർന്ന പാർലമെന്‍റ് നയരൂപീകരണ സമിതി യോഗത്തിലാണ് നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

• അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് ഇതിനോടകം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

• കാസർകോട് ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപൊയിലിലെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ സൈൻഫീവർ കണ്ടെത്തിയത്. അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ ഉത്തരവിട്ടു.