യഥാർത്ഥ കേരളാ സ്റ്റോറിയിൽ ഒന്ന് ഇതാണ് : ഇവിടെ ഇതാ മാനവ സ്നേഹത്തിന്റെ മറ്റൊരു മാതൃക, ഭൂമിയില്ലാത്തവർക്ക് സ്വന്തം ഭൂമി വിട്ട് നൽകി സിപിഐഎം ലോക്കൽ സെക്രട്ടറിയും കുടുംബവും.. #TheRealKeralaStory

കണ്ണൂർ : സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ എടക്കോം ബ്രാഞ്ചിനായി നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിർധനരായ 11 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി നൽകും.
ഐആർപിസി ഓഫീസ് ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ ടി വി ഗോപാലനും നിർവഹിക്കും. പാർട്ടിയുടെ ആദ്യകാല നേതാക്കളെ പി.വി.ബാബുരാജ് ആദരിക്കും, ഗ്രന്ഥശാലയുടെ ഉദ്ഘാടനം പി.രവീന്ദ്രനും, അന്തരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഫോട്ടോ അനാച്ഛാദനം ടി.പ്രഭാകരനും, കെ.ഷീജ അവാർഡ് ദാനവും നിർവഹിക്കും.
ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിളും ഭാര്യാ സഹോദരൻ ടോം ഫ്രാൻസിസും ചേർന്ന് വാങ്ങിയ ഒരേക്കർ എട്ടര സെന്റ് ഭൂമിയാണ് സ്വന്തമായി വീടും പുരയിടവും ഇല്ലാത്തവർക്കായി സൗജന്യമായി കൈമാറുന്നത്. സ്ഥല വിതരണം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. എടക്കോം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഭൂമി.
ഫെഡറൽ ബാങ്കിൽ നിന്ന് വിരമിച്ച ടോമി മൈക്കിൾ ബെഫി സംസ്ഥാന കമ്മിറ്റി അംഗമാണ്. ടോമി മൈക്കിളിന്റെ അനുജത്തി ടൈനിയുടെ ഭർത്താവാണ് ഇരിട്ടി സ്വദേശിയായ ടോം ഫ്രാൻസിസ്. അർഹരായവരെ കണ്ടെത്തി സൗജന്യ ഭൂമി വിതരണം ചെയ്യുന്നതിന് അഡ്വ. കെ അനൂപ് കുമാർ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തും. ഈ കാലഘട്ടത്തിൽ, മറ്റുള്ളവരുടെ വേദന മനസ്സിലാക്കി വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിനായി സ്വന്തം ഭൂമി വിട്ടുകൊടുത്തതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രശംസിക്കുകയാണ്.
MALAYORAM NEWS is licensed under CC BY 4.0