മാനേജ്‌മെന്റിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഇല്ലെന്നും കോട്ടയം എസ്പി വെളിപ്പെടുത്തി.
വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ 'ഞാൻ പോകുന്നു' എന്ന് മാത്രമാണ് എഴുതിയിരുന്നത്. ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ പ്രതിയെക്കുറിച്ചോ വിവരമില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി പറഞ്ഞു.
അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ശ്രദ്ധയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷം മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ശ്രദ്ധ ആത്മഹത്യ ചെയ്തത്. എച്ച്‌ഒഡിയുടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന സൂചന നൽകിയതായും സഹപാഠികൾ പറഞ്ഞു.
ശ്രദ്ധയുടെ ആത്മഹത്യയെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്നലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, മന്ത്രി വി.എൻ.വാസവൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ വിദ്യാർഥികൾ പിന്മാറിയതായി അറിയിച്ചു.