മഴയിൽ വൈദ്യുത തൂണിൽസ്പർശിച്ച യുവതിക്ക് ദാരുണാന്ത്യം.. ഇത് എല്ലാവർക്കുമുള്ള ജാഗ്രതാ നിർദ്ദേശം. #ElectricShockAccident

ഡൽഹി റെയിൽവേ സ്റ്റേഷൻ വളപ്പിൽ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു.  കിഴക്കൻ ഡൽഹി പ്രീത് വിഹാറിൽ താമസിക്കുന്ന സാക്ഷി അഹൂജയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന്റെ വെള്ളക്കെട്ടുള്ള ഭാഗത്തെ വൈദ്യുതി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് സാക്ഷി മരിച്ചത്.  ഞായറാഴ്ച രാവിലെയാണ് സംഭവം.

 പുലർച്ചെ അഞ്ചരയോടെയാണ് രണ്ട് സ്ത്രീകൾക്കും മൂന്ന് കുട്ടികൾക്കുമൊപ്പം സാക്ഷി റെയിൽവേ സ്റ്റേഷനിലെത്തിയത്.  സാക്ഷി ചണ്ഡീഗഡിലേക്ക് പോകാനെത്തിയതായിരുന്നു.  മഴയെത്തുടർന്ന് വെള്ളക്കെട്ടിൽ നിന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി നീങ്ങാൻ ശ്രമിച്ച സാക്ഷി വൈദ്യുതത്തൂണിൽ കുടുങ്ങി.  തൂണിൽ പിടിച്ച ഉടൻ വൈദ്യുതാഘാതമേറ്റതായാണ് റിപ്പോർട്ട്. മഴയുള്ളപ്പോൾ വൈദ്യുതി തൂണുകൾ വഴിയോ സ്റ്റേ വയറുകൾ വഴിയോ ഉള്ള വൈദ്യുതി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ് എന്നത് ഈ സംഭവം വിരൽ ചൂണ്ടുന്നു.

 ഷോക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  റെയിൽവേയും ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.  കേബിളിൽ നിന്നുള്ള വൈദ്യുത ചോർച്ച ഇൻസുലേഷൻ തകരാർ മൂലമാണെന്ന് സംശയിക്കുന്നതായി റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.