അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ, പ്രതിഷേധം കനക്കുന്നു ; ആശങ്കയോടെ കോളേജ് അധികൃതർ.. #AmalJyothiCollegeSuicide

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.  സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

  ശ്രദ്ധ സതീഷ് എന്ന വിദ്യാർത്ഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.  മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
കോളേജിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരിൽ ശ്രദ്ധയുടെ മൊബൈൽ ഫോൺ അധ്യാപികമാർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി കുടുംബം പറയുന്നു.  ഇതിന് പിന്നാലെ കർക്കശക്കാരനായ അധ്യാപകനിൽ നിന്ന് തനിക്ക് അപമാനം നേരിടേണ്ടി വന്നതായും ശ്രദ്ധ പറഞ്ഞതായി പിതാവ് ആരോപിച്ചു.  വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്നും പിതാവ് അറിയിച്ചു.
എസ്.എഫ്.ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി, തുടർ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ഓരോ വിദ്യാർഥികളും വരും തലമുറയുടെ പ്രതീക്ഷയാണ് ആ പ്രതീക്ഷകളെ തല്ലി ചതക്കാൻ  നോക്കുന്ന ഓരോരുത്തർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു പുതുപ്പള്ളി ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആവശ്യപ്പെട്ടു.