ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 06 ജൂൺ 2023 | #News_Headlines

● കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ഫോണ്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സംവിധാനം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

● ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്നും താൻ പിന്മാറിയെന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്തകൾ തെറ്റാണെന്ന് സാക്ഷി മാലിക്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങൾ ആരും പിന്നോട്ടില്ലെന്ന് സാക്ഷി അറിയിച്ചു. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ തൻ്റെ ഉത്തരവാദിത്വവും നിറവേറ്റുകയാണെന്നും സാക്ഷി വ്യക്തമാക്കി.

● എഐ കാമറ സംവിധാനം ഉപയോഗിച്ച്‌ തിങ്കൾ രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ പിഴയിട്ടുതുടങ്ങി. വൈകിട്ട്‌ അഞ്ചുവരെ റിപ്പോർട്ട്‌ ചെയ്‌തത്‌ 28,891 നിയമലംഘനം. പുത്തൻ സംവിധാനത്തിനു കീഴിൽ പിഴയിടാൻ തുടങ്ങിയ ആദ്യദിനംതന്നെ നിയമലംഘനങ്ങൾ കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസംവരെ ശരാശരി 2.42 ലക്ഷം കേസാണ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നത്‌. എഐ കാമറ സ്ഥാപിക്കുന്നതിനുമുമ്പ്‌ ഇത്‌ 4.88 ലക്ഷമായിരുന്നു.

● മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ തുറന്നു വിടാനാകില്ലെന്നും വനംവകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്.

● ഉന്നതവിദ്യാഭ്യാസരംഗത്ത്‌ കേരളത്തിന്റെ മികവ്‌ അം​ഗീകരിച്ച് ദേശീയ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ട്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോൾ വിഭാ​ഗത്തിൽ കേരളത്തിലെ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ആദ്യ അമ്പതിൽ കേരള സർവകലാശാലയും ആദ്യനൂറിൽ എംജി, എൻഐടി, കുസാറ്റ് എന്നിവയുമാണ് ഇടംപിടിച്ചത്. അധ്യാപനം, അടിസ്ഥാന സൗകര്യം, ​ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

● രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർത്തുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ പാർട്ടിയുടെ പേരെന്നാണു വിവരം.

● പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് തന്റെ അർധനഗ്നമായ ശരീരത്തിൽ ചിത്രം വരപ്പിച്ച് എടുത്ത വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ മോഡലും സാമൂഹികപ്രവർത്തകയുമായ രഹ്ന ഫാത്തിമയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി.

● അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഇതോടെ ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.

● 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടാ എന്നാണ് സംശയം.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 


MALAYORAM NEWS is licensed under CC BY 4.0