ആയക്കാട്ട് എഐ ക്യാമറ തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാമറ വാഹനമിടിച്ച് തകർത്ത പുതുക്കോട് മൈതാക്കൽ വീട്ടിൽ മുഹമ്മദിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ആയക്കാട് മന്ദത്തിന് സമീപം സ്ഥാപിച്ച ക്യാമറയാണ് നശിപ്പിച്ചത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വാഹനവും കൂടെ സഞ്ചരിച്ച രണ്ടുപേരും കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരികയായിരുന്ന മുഹമ്മദ് എ. ഐ ക്യാമറ പോസ്റ്റ് കടന്ന് 60 മീറ്ററോളം മുന്നോട്ട് പോയപ്പോൾ വാഹനം പിന്നിലേക്ക് എടുത്ത് ഇടിക്കുകയായിരുന്നു. ക്യാമറ തകർക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം അടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിന്റെ പിൻവശത്തെ ചില്ലിൽ പേരെഴുതിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. രാഷ്ട്രീയ വിരോധമാണ് ക്യാമറ നശിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക സൂചനകൾ.