ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 ജൂൺ 2023 | #News_Highlights

● ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. “ദുഃഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ്. സേവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യം ഉപയോഗിച്ച് ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
● തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ നിയമലംഘനങ്ങല്‍ക്ക് പിഴ ഈടാക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമലംഘനം കാമറ കണ്ടെത്തിയാല്‍ മുഖംനോക്കാതെ പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

● ഒഡീഷ ട്രെയിന്‍ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം.

● ഒഡീഷ ട്രെയിൻ ആക്രമണത്തെ മുൻനിർത്തി വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡീഷ പോലീസ്. നിരവധി പരാമർശങ്ങൾ ശ്രദ്ധയില്പെട്ടെന്നും ഇനിയും ഇത്തരത്തിലുണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

● സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവൽ ഇനി മലയാളിയുടെ കിരീടത്തിൽ തിളങ്ങും. ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന്‌ ചുവടുവയ്‌പ്പാകുന്ന കെ ഫോൺ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും.

● രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻദുരന്തങ്ങളിലൊന്ന്‌ സംഭവിച്ച്‌ രണ്ടുദിവസം പിന്നിട്ടിട്ടും യഥാർഥ കാരണം കണ്ടെത്താനാകാതെ ഇരുട്ടിൽത്തപ്പി ഇന്ത്യൻ റെയിൽവേയും കേന്ദ്ര സർക്കാരും. ആദ്യദിനത്തിൽ അട്ടിമറി സാധ്യത പൂർണമായും നിരാകരിച്ച റെയിൽവേ,അട്ടിമറിസാധ്യത സംശയിക്കുന്നതായി ഞായറാഴ്ച നിലപാട് മാറ്റി.

● കേരളത്തിലെ 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്‌എൻഎൽ സഹകരിക്കും. ബിഎസ്‌എൻഎൽ സ്‌പ്രെക്ടവും ടവറുകളും കെ ഫോണിന്റെ 5ജി സേവനത്തിന്‌ ഉപയോഗിക്കുന്ന പദ്ധതിയാണ്‌ ആലോചനയിൽ. ബിഎസ്‌എൻഎൽ ഇതിനായുള്ള പദ്ധതിക്കുറിപ്പ്‌ കെ ഫോണിന്‌ കൈമാറി. സർക്കാർതലത്തിൽ തീരുമാനമായശേഷം തുടർനടപടികളിലേക്ക് കടക്കും.

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0