ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 11 മെയ് 2023 | #News_Headlines

● പഞ്ചാബ് അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നതായി സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

● കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കും, കൊല്ലത്തെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ രാത്രി എട്ട് മണിക്കാണ് വന്ദനയുടെ മൃതദേഹം സ്വദേശമായ മുട്ടുചിറയിലെ വസതിയില്‍ എത്തിച്ചത്.

● ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റേതെന്ന പേരിൽ വ്യാജ വാർത്ത നൽകിയ മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി മന്ത്രി.

● രാഷ്ട്രീയ നേട്ടത്തിനായുള്ള അപവാദ പ്രചാരണം വേദനിപ്പിച്ചെന്നും കേരളത്തിൽ ഇനി പുതിയ പദ്ധതികൾ ഏറ്റെടുക്കില്ലെന്നും എസ്‌ആർഐടി സിഇഒ ഡോ. മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

● കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോ/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

● പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തുണ്ടായ കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

● മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും.

● കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.