ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 ഫെബ്രുവരി 2023 | #News_Highlights

● ചാര്‍ ധാം തീര്‍ത്ഥാടന യാത്ര ശനിയാഴ്ച ആരംഭിക്കാനിരിക്കെ ജോഷിമഠിലെ ബദ്രിനാഥ് ദേശീയപാതയില്‍ പത്തോളം വിള്ളലുകള്‍ കൂടി കണ്ടെത്തി. ചാര്‍ ധാം തീര്‍ത്ഥാടനം ശനിയാഴ്ച ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിള്ളലുകള്‍ കണ്ടെത്തിയത്. 

● തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

● സന്തോഷ് ട്രോഫി മത്സരത്തില്‍ പഞ്ചാബിന്റെ സമനിലക്കുരുക്കില്‍ വീണ് കേരളം. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനിലയായതോടെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിഫൈനല്‍ കാണാതെ പുറത്തായി. 

● നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

● പകൽച്ചൂടിൽ വെന്തുരുകി കേരളം, രാത്രിയിലും പുലർച്ചകളിലുമാകട്ടെ മരംകോച്ചുന്ന തണുപ്പും. ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ രേഖപ്പെടുത്തി. വേനലെത്തുംമുമ്പേ വർധിച്ച ചൂടിന്റെ ആധിക്യം കാലാവസ്ഥാ മാറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കൂടിയ  അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്‌ 14ന്‌  പാലക്കാട്‌ എരിമയൂരിലാണ്‌,  40.6 ഡിഗ്രി സെൽഷ്യസ്‌. എരിമയൂരിൽ ഇത്‌ തുടരുകയാണിപ്പോഴും. അതിരാവിലെയുള്ള തണുപ്പും തുടർന്നുള്ള ചൂടും തുടരുമെന്നാണ്‌ പ്രവചനം. ഇതാകട്ടെ മനുഷ്യരുടെ ഉൾപ്പെടെ ആരോഗ്യത്തെയും ബാധിക്കുമെന്ന്‌ വിദഗ്ധർ പറയുന്നു.