#Thalikkavu : മണ്ണ് തിന്നാൻ വിധിക്കപ്പെട്ട് കണ്ണൂർ നഗരത്തിലെ ജനത, കൈ ഒഴിഞ്ഞു കോർപ്പറേഷൻ ഭരണാധികാരികൾ.. #Kannur #KannurNews #LocalNews

കണ്ണൂർ : കഴിഞ്ഞ മൂന്നു മാസത്തോളമായി കണ്ണൂർ ടൗണിന്റെ ഹൃദയഭാഗമായ താളിക്കാവും പരിസര പ്രദേശങ്ങളും മരുഭൂമിക്ക് സമാനമാണ്, പച്ചപ്പ് കാണാനെയില്ല.. വീടുകളും വ്യാപാര സ്ഥാപനങ്ങളും എന്തിന്‌ സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇരുണ്ട തവിട്ട് നിറത്തിലാണ്..
അയ്യായിരത്തിലേറെ ജനങ്ങളിൽ ഏറെ പേർക്കും അലർജ്ജി തുടങ്ങിയ അസ്വസ്ഥതകൾ വിട്ടുമാറാത്ത അവസ്ഥയിലുമാണ്, കോവിഡ് ഭീതി ഒഴിഞ്ഞിട്ടും മാസ്‌ക്ക് മാറ്റാൻ സാധിക്കാത്ത അവസ്ഥ.. പറഞ്ഞു വരുന്നത് ഏതെങ്കിലും ദുരന്തത്തിന്റെ ദുരന്ത ശേഷിപ്പിനെക്കുറിച്ചല്ല, കണ്ണൂർ കോർപ്പറേഷൻ ഒരു പ്രദേശത്തെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹത്തിന്റെ കഥയാണ്.
കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കാനെന്ന പേരിൽ പതിനായിരക്കണക്കിന് പേർ ദിവസവും യാത്രചെയ്യുന്ന, ജില്ലയിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ആരാധനാ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന കണ്ണൂർ താളിക്കാവിലൂടെ കടന്നു പോകുന്ന റോഡിന്റെ കൃത്യം നടുവിലൂടെയാണ് പൈപ്പ് ലൈൻ ഇട്ടിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ചതിന് ശേഷമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതം ആരംഭിക്കുന്നത്. റോഡ് ടാർ ചെയ്യുന്നതിന് പകരം മണ്ണിട്ടു നികത്തുക മാത്രമാണ് തുടർന്ന് ചെയ്തത്. അന്ന് മുതൽ പൊടിമണ്ണ് തിന്ന് ജീവിക്കുക എന്നതാണ് പ്രദേശവാസികളുടെ വിധി.
ദിവസവും രാവിലെ മുതൽ മുന്നിലൂടെയുള്ള റോഡിൽ വെള്ളം നനച്ച് കൊണ്ടിരുന്നാലും അന്തരീക്ഷത്തിലെ പൊടിക്ക് ശമനമുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങൾ പോലും അൽപ്പ സമയം തുറന്നു വച്ചാൽ പൊടി അടിഞ്ഞു കൂടുന്ന അവസ്ഥയാണ്. ഈ വഴിയിൽ സ്ഥിതി ചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് ദിവസവും അവരുടെ ഇരിപ്പിടം വൃത്തിയാക്കുക എന്നതാണ് ആദ്യ ജോലി.
ഈ അവസരം മുതലെടുത്ത് തളിക്കാവ് വഴിയുള്ള ഓട്ടോ യാത്രയുടെ കൂലി വർദ്ധിപ്പിച്ച് പിഴിയുന്ന ചില ഡ്രൈവർമാരും നഗരത്തിൽ ഉണ്ട്.
റോഡ് ടാർ ചെയ്ത് ശോചനീയാവസ്ഥ മാറ്റണം എന്ന് പലതവണ പൊതുജനങ്ങളും വ്യാപാരികളും കോർപ്പറേഷനിലേക്ക് പരാതിയും നിവേദനങ്ങളും നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസി കൂടിയായ വ്യാപാരി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാപാരികളുടെ നേതൃത്വത്തിൽ കടയടപ്പ് സമരം വരെ നടത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇനിയും ഇത്തരത്തിൽ നാട്ടുകാരെ.ബുദ്ധിമുട്ടിച്ചു തന്നെയാണ് കോർപ്പറേഷൻ ഭരണാധികാരികൾ മുന്നോട്ട് പോകുന്നതെങ്കിൽ, കൂടുതൽ ശക്തമായ സമര പരിപാടികൾ കൈക്കൊള്ളേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.