കേരളത്തിൽ കുരങ്ങു വസൂരി (Monkeypox) സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്.

തിരുവനന്തപുരം : കേരളത്തില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

നടപടികൾ സ്വീകരിച്ചു.

 മങ്കിപോക്‌സ് വ്യാപനം തടയുന്നതിനായി എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പര്‍ക്കം ഉണ്ടെങ്കില്‍ മാത്രമേ രോഗം പടരുകയുള്ളൂ. ലോകാരോഗ്യസംഘടനയുടേത് അടക്കം എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


എല്ലാവരും നിരീക്ഷണത്തിൽ.

യുഎഇയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ അടക്കം 11 പേര്‍ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛന്‍, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്.
രോഗി ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.


ആശങ്ക വേണ്ട..


 ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

വളരെ അടുത്ത കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0