High Court News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
High Court News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീകളുടെ മൗലികമായ അവകാശമാണെന്ന് ഹൈക്കോടതി #Kochi

 


കൊച്ചി:പ്രസവാവധി എന്നത് കേവലം ഒരു ആനുകൂല്യമല്ല, മറിച്ച് സ്ത്രീകളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. മറ്റ് സാധാരണ അവധികൾ പോലെ പ്രസവാവധിയെ കണക്കിലെടുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിൻ്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹർജിക്കാരി. എം.ബി.ബി.എസിനും എം.ഡി.യ്ക്കും ശേഷം നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഐ.എം.എസ്.) നടത്തുന്ന കോഴ്‌സിന് ചേർന്നിരുന്നു. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം.

ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തു. ഇതിനുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു. ഇതോടെ അവധി ഒരു വർഷത്തിലധികമായി. ഇതിനെ തുടർന്ന് കോഴ്‌സ് തുടരാനാകില്ല എന്ന കാരണത്താൽ അവധി അപേക്ഷ നിഷേധിച്ചു.

തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഒരു വർഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് കോടതി വിലയിരുത്തി. 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ല.

അതിനാല്‍ ഹർജിക്കാരിയോട് വീണ്ടും അവധിക്കായി അപേക്ഷ നൽകാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എൻ.ബി.ഐ.എം.എസിന് നിർദ്ദേശം നൽകി. ഹർജിക്കാരിയെ കോഴ്‌സിൽനിന്ന് പുറത്താക്കരുതെന്നും നിർദ്ദേശിച്ചു.

Maternity leave is a fundamental right of women, says High Court


ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; മതിയായ തെളിവില്ല, പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെ വിട്ടു #UDAYAKUMAR




കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ടു. ഒന്നാംപ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷയടക്കം റദ്ദാക്കി. അന്വേഷണത്തിൽ സിബിഐയ്ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

കേസിൽ നാല് പ്രതികളാണുള്ളത്. 2018ലാണ് സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.

2005 സെപ്തംബർ 29നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണ് എന്നാരോപിച്ചായിരുന്നു ഉദയകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.


കൊലക്കേസ് പ്രതിക്ക്​ വിവാഹിതനാവാൻ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി #latest_news


 

കൊച്ചി : കൊലക്കേസ് പ്രതിക്ക്​ വിവാഹിതനാവാൻ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്​ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക്​ പരോൾ ഹൈക്കോടതി. വിവാഹത്തിന്​ സാധാരണ പരോൾ അനുവദിക്കാറില്ലെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ചാണ്​ തൃശൂർ സ്വദേശിയായ പ്രശാന്തിന്​ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്​.

കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളായിട്ടും വിവാഹം കഴിക്കാനുള്ള ​യുവതിയുടെ മനസ് കോടതി ചൂണ്ടിക്കാട്ടി. ജൂൺ 13ന്​ വിവാഹം നടത്താൻ പരോൾ അനുവദിക്കണമെന്ന ആവശ്യം ജയിൽ അധികൃതർ തള്ളിയതിനെ തുടർന്നാണ്​ ​പ്രശാന്തിന്‍റെ മാതാവ്​ ഹൈകോടതിയെ സമീപിച്ചത്​. വിവാഹത്തിനുവേണ്ടി പരോൾ അനുവദിക്കാൻ വകുപ്പില്ലെന്ന്​ വ്യക്തമാക്കിയായിരുന്നു ജയിലധികൃതർ അപേക്ഷ നിരസിച്ചത്.

യുവതിയുടെ ആഴത്തിലുള്ള പ്രണയം കാണാതിരിക്കാനാവില്ലെന്ന്​​ കോടതി വ്യക്തമാക്കി. ഇരുവർക്കും ആശംസകൾ അർപ്പിച്ചാണ്​ പരോൾ അനുവദിച്ചത്​. അമേരിക്കൻ കവയിത്രി മായ ആഞ്ജലോ പ്രണയം തടസങ്ങൾ അംഗീകരിക്കില്ല എന്ന വാക്യങ്ങളും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല ഹൈക്കോടതി.... #High_Court

 


കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു.

കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്ന് കോടതി പറഞ്ഞു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി... #High_Court

 


 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഠിനമായ ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി#Advocates


 കടുത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. അഭിഭാഷകർക്ക് വെള്ള ഷർട്ടും ബാൻഡും ധരിച്ച് ജില്ലാ കോടതികളിൽ ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഓപ്ഷണൽ ആണ്.
ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമല്ലെന്നാണ് ഫുൾ കോടതി പാസാക്കിയ പ്രമേയം. ഇത് മെയ് 31 വരെ തുടരും. വേനൽക്കാലത്ത് കറുത്ത ഗൗണിൽ പ്രത്യക്ഷപ്പെടുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസാക്കിയത്.

കുട്ടിക്കാലത്ത് നടന്ന പീഡനത്തിന് പ്രായപൂർത്തിയായാലും ശിക്ഷിക്കാം, നിർണ്ണായക വിധിയുമായി ഹൈക്കോടതി.. #CourtNews

പ്രായപൂർത്തിയായതിന് ശേഷം കുട്ടിക്കാലത്ത് പീഡനത്തിനിരയായതിന്റെ പേരിൽ കേസെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി, ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്താൽ സംഭവം വെളിപ്പെടുത്താൻ കാലതാമസം വരുത്തിയതിന്റെ പേരിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
  അത്തരം സന്ദർഭങ്ങളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കണക്കാക്കാനാവില്ല.  ഓരോ കേസും വസ്തുതകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് പരിഗണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.  മകൾക്ക് ഇപ്പോൾ 25 വയസ്സുണ്ടെന്നും വർഷങ്ങൾക്ക് ശേഷമാണ് കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ചുള്ള പരാതി ഉയരുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.  പരാതി നൽകുന്നതിൽ കാലതാമസമുണ്ടായെന്നും സാക്ഷിമൊഴിയിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം.  എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി അമ്മയോട് പോലും ഇക്കാര്യം പറഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

അങ്കണവാടി ടീച്ചറുടെയും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെയും മൊഴി ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു.  ഇത്തരം തെളിവുകളെല്ലാം പ്രതിക്ക് എതിരാണെന്ന് കോടതി കണ്ടെത്തി.  പ്രതിയുടെ ഭീഷണിയെത്തുടർന്ന് ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെങ്കിലും കോടതി ഇത് വിശ്വസനീയമാണെന്ന് കണ്ടെത്തി.  സ്‌കൂളിൽ പോകാത്തതിന് മകളെ ശകാരിച്ചതിലുള്ള ദേഷ്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.  നിസാര കാരണത്താൽ ഒരു മകളും പിതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.  പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ച് കീഴ്‌ക്കോടതിയുടെ ശിക്ഷ 20 വർഷത്തെ കഠിന തടവായി കുറച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0