ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന് മാത്തൂർ, രണ്ടിന് പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാ റോഡ്‌ഷോ നടത്തും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. വൈകിട്ട് നാലിന് ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന് വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന് തുടക്കംകുറിച്ച് തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.
യുഡിഎഫ് സ്ഥാനാർഥിയുടെ കൊട്ടിക്കലാശം പകൽ രണ്ടിന് ഒലവക്കോട്ടുനിന്ന് ആരംഭിച്ച് പേഴുങ്കര, മേഴ്‌സി കോളേജ്, തിരുനെല്ലായി, കെഎസ്‌ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ് വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം പകൽ രണ്ടിന് മേലാമുറിയിൽനിന്ന് ആരംഭിച്ച് സ്റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.