ശ്രീകണ്ഠപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ശ്രീകണ്ഠാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. സ്‌കൂളിന് പുറത്ത് വിവിധ കടകളിൽ നിന്നും മോര്, ജ്യൂസ് പോലുള്ള തണുത്ത പാനീയങ്ങൾ കുടിച്ചവരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കടകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങൾ വിതരണം ചെയ്ത കടകൾക്ക് നോട്ടീസ് നൽകി അടപ്പിച്ചു.
ഈ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേ കിണർ വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. കിണർ വെള്ളത്തിൽ നിന്നും വലിയ തോതിൽ ഈ കോളിയുടെ സാന്നിധ്യം കണ്ടെത്തി. കിണറിൻ്റെ തൊട്ടടുത്ത് ടോയ്‌ലറ്റ് ടാങ്ക് ഉണ്ട്. കിണർ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായി കണ്ടെത്തി. ശ്രീകണ്ഠാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിൽ രോഗബാധിതർ കൂടുതലുള്ളത്. മേഖലയിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ് പരിശോധിച്ചു.
ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു. സ്‌കൂളിൽ പ്രത്യേക അസംബ്ലിയും ചേർന്നു. ടോയ്‌ലറ്റ് ഹാൻഡ് വാഷിംഗിൻ്റെ ബോധവൽക്കരണ പോസ്റ്ററുകൾ സ്‌കൂളുകളിൽ പതിപ്പിച്ചു. ക്ലാസുകളിൽ ബോധവൽക്കരണ പരിപാടി നടത്തി. മഞ്ഞപ്പിത്ത ബാധിതരുടെ വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദര്‍ശനം നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. നോട്ടീസുകൾ വിതരണം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ.ടി രേഖയുടെ നിർദ്ദേശ പ്രകാരം ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് എം.ബി മുരളി, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില് രാജ്, ജില്ലാ ആശുപത്രി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ്, ചെങ്ങളായി കൂട്ടുമുഖം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഒ പ്രസാദ്, കെ. സനൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കടകളിൽ നിന്നും തയ്യാറാക്കി നൽകുന്ന ജ്യൂസ്, ഐസ്, മോര്, ലൈം, എന്നിവ ശുദ്ധീകരിക്കാത്ത കിണർ വെള്ളത്തിൽ തയ്യാറാക്കി നല്‍കുന്നതും വൃത്തിയാക്കാത്ത കുടിവെള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്നതും മഞ്ഞപ്പിത്ത കേസുകള്‍ക്ക് കാരണമാണ് . നഗരങ്ങളിൽ മോശം കുടിവെള്ളം ടാങ്കറുകളിൽ വിതരണം ചെയ്യുന്നതും, മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ ഐസുകൾ ഉപയോഗിച്ച് വെൽക്കം പാർട്ടികൾ, ഇഫ്താറുകൾ എന്നിവ നടത്തുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാണ്. രോഗബാധിതർ ഉപയോഗിച്ച പൊതു വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചവരിലാണ് രോഗം വ്യാപകമായി പകരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷൻ സെൻ്ററിൽ നിന്നും ഇത്തരം കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാൻ നിർദ്ദേശം
ജനുവരി ഒന്ന് മുതൽ 15 വരെ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം. ജില്ലയിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കിണർ വെള്ളം ശുദ്ധീകരിക്കാതെ കുടിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. കിണർ വെള്ളം ഏറ്റവും ശുദ്ധമായ വെള്ളമാണെന്നുള്ള തെറ്റായ കാഴ്ചപ്പാട് തിരുത്തണം. ജില്ലയിൽ കക്കൂസ് മാലിന്യ ടാങ്ക് ഗാർഹിക കിണറുകൾക്ക് അടുത്തുള്ളതാണ് ഇതിനു കാരണം. ഈ സാഹചര്യത്തിൽ പുതുവർഷം ശുഭ വർഷം ശുദ്ധ ജലം മാത്രം കുടിക്കാം എന്ന പേരിൽ ആരോഗ്യവകുപ്പിൻ്റെ "തെളിച്ചം" എന്ന കാമ്പയിനിൽ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ക്ലോറിനേഷൻ ചെയ്യേണ്ട വിധം
1000 ലിറ്റർ കിണർ വെള്ളത്തിനു 2.5 ഗ്രാം അളവിൽ ബ്ലീച്ചിംഗ് പൗഡർ ബക്കറ്റിൽ എടുത്ത് വെള്ളമൊഴിച്ച് ശരിയായി കലക്കുക. 10 മിനിറ്റിന് ശേഷം അതിൻ്റെ മുകളിലുള്ള തെളിഞ്ഞ ലായനി തൊട്ടിയിലൊഴിച്ച് കിണറ്റിലേയ്ക്ക് താഴ്ത്തി ശക്തിയായി കുലുക്കി വെള്ളത്തിൽ ലിയിപ്പിക്കുക. ക്ലോറിനേഷന് ഒരു മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.
Jaundice epidemic

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.