കണ്ണൂർ : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനൊരുങ്ങി കണ്ണൂർ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക്. സന്ദർശകർക്കായി വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കാൻ പുതിയ ഇറ്റാലിയൻ സാഹസിക റൈഡ് 'റോഡിക്‌സ്'. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിൻ്റെ ഉദ്ഘാടനം നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. ചടങ്ങിന് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് പി.വി ഗോപിനാഥ് അധ്യക്ഷനായി.
കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്‌തമായ റൈഡുകൾ ഒരുക്കുന്നതിൽ എന്നും മുന്നിലാണ് പറശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സാഹസിക റൈഡ് 'റോഡിക്സ്' സന്ദർശനത്തിനായി സജ്ജമായി.
ഇറ്റാലിയൻ കമ്പനിയായ മൊസൈർ അത്യാധുനിക റൈഡ് ഉണ്ടാക്കിയത് 15 കോടിയോളം രൂപയാണ്. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന ഈ റൈഡ് സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം നൽകും. റൈഡിനൊപ്പം തന്നെ ഇതിലെ ഇരിപ്പിടങ്ങൾ 360 ഡിഗ്രിയിൽ കറങ്ങുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം 24 പേർക്ക് ഈ റൈഡ് ആസ്വദിക്കാം.
ഇറ്റലിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിൻ്റെ ഇൻസ്റ്റാളേഷൻ പൂർത്തിയായത്. ഡബിൾ സേഫ്റ്റി സിസ്റ്റം റൈഡിൽ ഉറപ്പാക്കിയിട്ടുണ്ട്. 2008ൽ പ്രവർത്തനം ആരംഭിച്ച വിസ്മയ പാർക്ക് ഇപ്പോൾ 17-ാം വർഷത്തിലേക്ക് കടക്കുകയാണ്.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്മെൻ്റ് പാർക്കാണിത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രവർത്തിക്കുന്ന പാർക്കിൽ നിലവിൽ 55ലധികം റൈഡുകളുണ്ട്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇവൻറുകളും ഓഫറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ചടങ്ങിന് വിസ്മയ അമ്യൂസ്മെൻറ് പാർക്ക് വൈസ് പ്രസിഡൻ്റ് കെ. സന്തോഷ് സ്വാഗതം പറഞ്ഞു. ഹാൻവീവ് എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ, ആന്തൂർ നഗരസഭ കൗൺസിലർ പി.പി ഗംഗാധരൻ, കണ്ണൂർ എ.ആർ ഓഫീസ് സൂപ്രണ്ട് അജേഷ് ആർ.കെ, തളിപ്പറമ്പ് മണ്ഡലം സി.പി.ഐ. നേതാവ് പി.കെ മുജീബ് റഹ്‌മാൻ, കോൺഗ്രസ്സ് ഐ നേതാവ് വൽസൻ കടമ്പേരി, ഐ.യു.എം.എൽ നേതാവ് സമദ് കടമ്പേരി, വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് ഡയറക്‌ടർമാരായ എം.ദാമോദരൻ, ഒ സുഭാഗ്യം, കണ്ണൂർ ജില്ല ടൂറിസം എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു. വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് മാനേജിംഗ് ഡയറക്‌ടർ ഐ. വൈശാഖ് നന്ദിയും അറിയിച്ചു.
New Italian ride Rodix launched at Vismaya Amusement Park


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.