ന്യൂഡൽഹി:കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും (സിടിയു) മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ലേബർ കോഡിനെതിരെയും രാജ്യവ്യാപകമായി ഫെബ്രുവരി 12ന് പൊതു പണിമുടക്ക് നടത്തും.
ജനുവരി ഒമ്പതിന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിൽ പാർലമെന്റിനകത്തും പുറത്തും മോദി ഗവൺമെന്റ് നടത്തിയ ജനദ്രോഹ നടപടികൾ ചർച്ചയായി.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ അഴിച്ചുപണിയുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കുക, കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കൾ, നമ്മുടെ രാജ്യത്തെ പൊതു വൈദ്യുതി മേഖല എന്നിവയെ തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ് പണിമുടക്ക്. ആണവോർജ്ജ മേഖല രാജ്യത്തെയും വിദേശത്തെയും സ്വകാര്യകുത്തകകൾക്ക് തുറന്നുകൊടുത്തതിൽ ട്രേഡ് യൂണിയനുകൾ ശക്തമായ രോഷം പ്രകടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് പണിമുടക്കിന് തീരുമാനമടുത്തത്.
central trade unions to go on general strike on february 12 against anti worker policies of government

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.