രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
ബലാത്സംഗകേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
നിരവധി പീഡന ആരോപണങ്ങളും പരാതികളും ഉയർന്നുവന്നിട്ടും രാഹുൽമാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് സ്വീകരിച്ചിരുന്നത്. അവസാനം ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത്.
ഇരയായ സ്ത്രീകളെയും രാഹുലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കളെയും കോൺഗ്രസ് സൈബർ ഗുണ്ടകൾ അക്രമിക്കുന്നതിനും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ മൗനാനുവാദം നൽകിയിരുന്നു.
എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്നും. രാഹുലിന്റെ പ്രവൃത്തികൾ കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനോട് അടുപ്പമുള്ള യുവ നേതാക്കൾ പുറത്താക്കാനുള്ള തീരുമാനം അംഗീകരിച്ചതായും സണ്ണി ജോസഫ് പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നടപടിക്രമങ്ങളുടെ കാലതാമസമാണ് രാഹുലിനെ പുറത്താക്കുന്നതിൽ ഉണ്ടായതെന്നുള്ള ന്യായീകരണവുമാണ് അവസാന നിമിഷം വരെ സംരക്ഷിച്ചതിനു ശേഷം കെപിസിസി പ്രസിഡന്റ് പറഞ്ഞത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.