Newdelhi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Newdelhi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൂട് തുടരുന്ന സാഹചര്യത്തില്‍ 'ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണം'; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം #Health_ministry


കനത്ത ചൂടിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ ആശുപത്രികളിലും സൂര്യാഘാത ചികിൽസ സംവിധാനം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജനങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകാനും സൂര്യാഘാതമേൽക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ചൂട് കനക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.

അതി ശക്തമായ ചൂട് മൂലമുണ്ടാകാവുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന സാഹചര്യങ്ങൾ കൃത്യമായി അവലോകനം ചെയ്ത് മാർഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

Union Health Ministry issues alert due to extreme heat. 

ലിവിംഗ്-ടുഗദർ ;കുട്ടിയുമായി,എന്നിട്ടിപ്പോൾ ബലാത്സംഗമെന്ന് പറയുന്നോ?'; ചോദ്യവുമായി സുപ്രീംകോടതി #Newdelhi


ന്യൂഡല്‍ഹി:വിവാഹബന്ധത്തിന് പുറത്തുള്ള ലിവിംഗ് ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം.

ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ എങ്ങനെയാണ് പിന്നീട് ബലാത്സംഗ കുറ്റമായി മാറുന്നതെന്നും ചോദിച്ചു.

വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മർദനം തുടങ്ങിയ പരാതികളുമായി വരുന്നത് കോടതി ചോദ്യം ചെയ്തു. ‘ഇതൊരു ലിവിങ്-ടുഗദർ ബന്ധമാണ്. വിവാഹം കഴിക്കാതെ ആ പുരുഷനോടൊപ്പം കഴിയാൻ അവർ തീരുമാനിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയുമുണ്ടായി. ഇപ്പോൾ അവർ പറയുന്നത് ബലാത്സംഗം എന്നാണ്. ഇതെന്താണ്?" - ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

ഇക്കാര്യങ്ങൾ ചോദിച്ചാൽ ഇരയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ക്രിമിനൽ കുറ്റം എവിടെയാണ് വരുന്നത് എന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമെന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുമ്പോൾ സ്വാഭാവികമായും ചില അപകടസാധ്യതകൾ ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.

എന്നാൽ, ഹരജിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് കുറ്റാരോപിതൻ വിവാഹ വാഗ്ദാനം നൽകിയത്, ആ സമയത്ത് തന്നെ ഇയാൾക്ക് മറ്റ് നാല് ഭാര്യമാരുണ്ടായിരുന്നുവെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. സമാനമായ രീതിയിൽ ഇയാൾ മറ്റ് സ്ത്രീകളെയും കബളിപ്പിചെന്ന് അഭിഭാഷകൻ ആരോപിച്ചു.

എങ്കിൽ വിവാഹം കഴിക്കുന്നതിന് മുമ്പേ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും കുട്ടിക്ക് ജന്മം നൽകാനും തീരുമാനിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. മറ്റ് കേസുകളെക്കുറിച്ചല്ല, ഹരജിക്കാരിയുടെ കേസിലെ വസ്തുതകളെക്കുറിച്ചാണ് കോടതിക്ക് ആശങ്കയെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഹരജിക്കാരിയോട് സഹതപിക്കയാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് നിയമത്തെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘ബന്ധങ്ങൾ നിയമവിരുദ്ധമാകാം. എന്നാൽ, എ ബന്ധത്തിലുണ്ടായ കുട്ടികൾ ഒരിക്കലും അവിഹിതമല്ല. വിവാഹിതരായിരുന്നുവെങ്കിൽ ആ സ്ത്രീയുടെ അവകാശങ്ങൾ കൂടുതൽ ശക്തമാകുമായിരുന്നു’ - കോടതി നിരീക്ഷിച്ചു. ബന്ധം വേർപിരിയുന്നത് ക്രിമിനൽ കുറ്റത്തിന് അടിസ്ഥാനമാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുഭാഗത്തോടും നിർദ്ദേശിച്ചു. 

Supreme Court has said that the breakdown of living-together relationships outside marriage cannot be considered a criminal offense  

ബാങ്ക് ശമ്പള പരിഷ്കരണം: ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രം നിർദ്ദേശം #Newdelhi


ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ച് പരമാവധി 12 മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) ബാങ്ക് മേധാവികളോട് ആവശ്യപ്പെട്ടു.

പൊതുമേഖലാ ബാങ്കുകൾക്ക് പുറമെയുള്ള ഇൻഷുറൻസ് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിലവിൽ അഞ്ച് വർഷം കൂടുമ്പോഴാണ് ഈ സ്ഥാപനങ്ങളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാറുള്ളത്.

ഇന്ത്യൻ ബാങ്ക് അസോസിയേഷനും (IBA) വിവിധ ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള ചർച്ചകളിലൂടെയാണ് സാധാരണയായി ശമ്പളത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ചർച്ചകൾക്ക് ശേഷമുള്ള ചട്ട ഭേദഗതികളിൽ വലിയ തോതിലുള്ള കാലതാമസം നേരിട്ടിരുന്നു.

ഇത്തരം തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി, അടുത്ത ശമ്പള പരിഷ്കരണ തീയതിക്ക് മുൻപായി തന്നെ ആവശ്യമായ എല്ലാ നിയമപരമായ ഭേദഗതികളും പൂർത്തിയാക്കിക്കഴിഞ്ഞു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭവിഹിതത്തിൽ വലിയ വർധനയുണ്ടായതും ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തമായി തുടരുന്നതും പരിഗണിച്ചാണ് ഈ വേഗത്തിലുള്ള നടപടി. 

 Bank salary revision

എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ ഒന്നുമുതല്‍ നിയമങ്ങളില്‍ മാറ്റം #Bank

 


ഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളില്‍ എടിഎം ഉപയോഗത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ കമ്പനികൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം നൽകൽ പരിധിയിലും മാറ്റം വരുത്തുമെന്ന് അറിയിപ്പ് നല്‍കി.എച്ച്ഡിഎഫ്സി, പിഎൻബി ബാങ്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ യുപിഐ വഴി പണം ലഭിക്കുന്നവരും ഏപ്രിൽ ഒന്ന് മുതൽ തിരിച്ചടി നേരിടും. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിന്‍വലിക്കലുകള്‍ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. നിലവിൽ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്ഡിഎഫ്സി എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പണം നൽകാൻ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിൻവലിച്ചാലും ഈ അഞ്ചിൽ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ ഡെബിറ്റ് കാർഡുകൾ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാർഡുകൾ ഉപയോഗിച്ച്, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതൽ 75,000 രൂപ വരെ കുറയും. ഓരോ കാർഡിൻ്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.

അതേസമയം, എടിഎം കാർഡില്ലാതെ പണം കാണിക്കാൻ പുതിയ സംവിധാനം ജിയോ പേയ്‌മെൻ്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിൻ്റുകളിൽ പോയി മൊബെൽ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇനി പണം പിന്‍വലിക്കാം.

ഹൈക്കമാൻഡ് നേതാക്കളോട് ക്ഷോഭിച്ച് കെ. സുധാകരൻ, പുതിയ പാർട്ടി രൂപീകരിക്കാന്‍ സാധ്യത #Delhi


ഡൽഹി:നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് എൻ്റെ വഴിയെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

കെ സി വേണുഗോപാലിനോട് ഗുഡ് ബൈ പറഞ്ഞാണ് സുധാകരൻ മറുപടി പറഞ്ഞത്. കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നതായി വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്.

അതേസമയം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡ് പറഞ്ഞിരുന്നു . അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.

പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻ്റിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.

തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനക്കാരെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. 

പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി; കവർച്ച ബിഹാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ #Newdelhi

 


ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് പി.കെ. ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻറിറ്റി കാർഡുകൾ എല്ലാം മോഷണം പോയി. സംഭവത്തിൽ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

PK sreemathy bag and phone stolen Robbery during train journey to Bihar

ഫെബ്രുവരി 12ന് രാജ്യവ്യാപക പൊതു പണിമുടക്ക്; ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം #Newdelhi


ന്യൂഡൽഹി:
കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും (സിടിയു) മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ലേബർ കോഡിനെതിരെയും രാജ്യവ്യാപകമായി ഫെബ്രുവരി 12ന് പൊതു പണിമുടക്ക് നടത്തും.

ജനുവരി ഒമ്പതിന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിൽ പാർലമെന്റിനകത്തും പുറത്തും മോദി ഗവൺമെന്റ് നടത്തിയ ജനദ്രോഹ നടപടികൾ ചർച്ചയായി.

മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ അഴിച്ചുപണിയുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കുക, കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കൾ, നമ്മുടെ രാജ്യത്തെ പൊതു വൈദ്യുതി മേഖല എന്നിവയെ തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ്‌ പണിമുടക്ക്‌. ആണവോർജ്ജ മേഖല രാജ്യത്തെയും വിദേശത്തെയും സ്വകാര്യകുത്തകകൾക്ക്‌ തുറന്നുകൊടുത്തതിൽ ട്രേഡ്‌ യൂണിയനുകൾ ശക്തമായ രോഷം പ്രകടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ്‌ യൂണിയനുകളുടെ ഐക്യവേദിയാണ്‌ പണിമുടക്കിന് തീരുമാനമടുത്തത്‌. 

central trade unions to go on general strike on february 12 against anti worker policies of government

 

നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പ്പന; അഞ്ച് പേർ പിടിയിൽ #Delhi


ന്യൂഡല്‍ഹി:
 നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികള്‍ അറസ്റ്റിൽ. രണ്ട് സയൻസ് വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ വിൽക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ സോനിപത് ജില്ലയിലാണ് സംഭവം.

ലൈഫ് സയൻസ്, കെമിക്കൽ സയൻസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തി വിൽക്കാൻ ശ്രമിച്ച സംഘമായിരുന്നു ഇത്. 4 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത ഇവരെ അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 18-ാം തീയതി പരീക്ഷ എഴുതിയ 37 പേരെ പോലീസ്ചോദ്യം ചെയ്യുകയാണ്.   .

സോനിപത്തിലെ ഒരു കേന്ദ്രത്തിൽ നിന്ന് 17 ന് ചോദ്യപേപ്പറുകൾ നൽകിയെന്നാണ് പ്രാഥമിക വിശദീകരണം. പോലീസ് അന്വേഷണ റിപ്പോർട്ടിന് ശേഷം എൻടിഎ നടപടി സ്വീകരിക്കും. എന്നിരുന്നാലും, മുഖ്യമന്ത്രി സെയ്നി ചോദ്യപേപ്പര്‍ ചോർച്ച പൂർണ്ണമായും നിഷേധിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവായി ചോദ്യപേപ്പറുകൾ ചോർത്തുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 

 NET exam question paper leaked, five arrested for selling


രാജ്യസഭാംഗമായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു #flash_news

 

ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്‌ക്കായി കമൽഹാസൻ വ്യാഴാഴ്‌ച്ച ഡൽഹിയിലെത്തിയിരുന്നു. പാർലമെന്റിലേക്കുള്ള യാത്ര അഭിമാനകരമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്തുയരാൻ പരിശ്രമിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ്‌ രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. ഡിഎംകെ– എംഎൻഎം സഖ്യത്തിന്റെ ഭാഗമായാണ്‌ കമൽഹാസൻ രാജ്യസഭയിലെത്തുന്നത്‌.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഡിഎംകെക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0