ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 നവംബർ 2025| #NewsHeadlines

• 57ാമത്‌ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് അരങ്ങ് ഉണർന്നു. ശാസ്ത്രമേള മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള വേദിയാണെന്ന് മന്ത്രി പറഞ്ഞു.

• തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്.

• ശബരിമല റോഡ് വികസന പദ്ധതിക്കായി 407.8 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ശബരിമല റോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 407.8 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

• കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവരാണ്‌ ലോകത്താകെയുള്ള പ്രവാസി മലയാളികളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൾഫ്‌ പര്യടനത്തിൽ ലഭിച്ച ഉജ്വല സ്വീകരണങ്ങൾ കേരളത്തെക്കുറിച്ചുള്ള പ്രവാസികളുടെ കരുതലിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണെന്നും മുഖ്യമന്ത്രി കുവൈത്തിൽ പറഞ്ഞു.

• ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ (97) അന്തരിച്ചു. 1953‐ൽ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കിനൊപ്പം ചേർന്നാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന (ഇരട്ട ഹെലിക്‌സ്‌) വാട്സൺ കണ്ടുപിടിച്ചത്. 1962ല്‍ ഇരുവർക്കും വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു.

• കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും രാജ്യത്ത്‌ ആദ്യമായി സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാംസഭയുടെ സ്ഥാപകയുമായ മദർ ഏലീശ്വായെ ശനിയാഴ്‌ച വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

• ലാറ്റിനമേരിക്കൻ മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്താനുള്ള യുസ്‌ ശ്രമം തുടരുന്നു. കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട്‌ വീണ്ടും ആക്രമണംനടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. യുഎസ്‌ പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സെത്‌ ആക്രമണം സ്ഥിരീകരിച്ച്‌ എക്‌സിൽ കുറിപ്പിട്ടു.

• ബിഹാറിലെ ഭഗല്‍പ്പൂര്‍ വൈദ്യുത പദ്ധതി അഡാനി ഗ്രൂപ്പ് കമ്പനിക്ക് നല്‍കിയതിലൂടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 62,000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായി ആരോപണം. മുന്‍ കേന്ദ്ര ഊര്‍ജ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍ കെ സിങ്ങിന്റേതാണ് വെളിപ്പെടുത്തൽ.

• അതിരൂക്ഷമായ മനുഷ്യക്കുരുതി നടന്ന സുഡാനിലെ ആഭ്യന്തര കലാപം താൽക്കാലിക സമാധാനത്തിലേക്ക്. സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കി.

• സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗമെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0