ലോക സാങ്കേതിക ഭൂപടത്തെ തിരുത്തിയെഴുതിയ, ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് പോൾ ജോബ്‌സ് വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാല് വർഷം തികയുന്നു. ഒരു ബിസിനസുകാരൻ എന്നതിലുപരി, ഭാവിയെക്കുറിച്ചുള്ള അതിശയകരമായ ദീർഘവീക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ചിന്തകൾക്ക് തീ കൊളുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.
ഒരു സാധാരണ ഗാരേജിൽ നിന്ന് ആരംഭിച്ച്, സാങ്കേതിക ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായ ആപ്പിളിലേക്ക് നടന്നുകയറിയ ജോബ്‌സിന്റെ ജീവിതം, സ്വപ്‌നങ്ങൾ പിന്തുടർന്നാൽ എവിടെയെത്താമെന്നതിന്റെ നേർസാക്ഷ്യമാണ്.
സ്വപ്നങ്ങൾക്ക് തിരികൊളുത്തിയ ദിനം
ജോബ്‌സിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള മുഹൂർത്തമായി കണക്കാക്കുന്നത് 2007 ജനുവരി 9 ആണ്. സാൻ ഫ്രാൻസിസ്കോയിലെ വേദിയിൽ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, 'വെറുമൊരു ഫോൺ' എന്നതിലുപരി, ഡിജിറ്റൽ ജീവിതശൈലിയെ തന്നെ മാറ്റിമറിച്ച ഐഫോൺ (iPhone) എന്ന വിപ്ലവമാണ് അദ്ദേഹം അവതരിപ്പിച്ചത്. മൗസ് ക്ലിക്കുകളും ബട്ടണുകളും ഒഴിവാക്കി, ടച്ച് സ്ക്രീനിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തിയ ആ പ്രഖ്യാപനം, ജോബ്‌സിനെ 'ടെക്നോക്രാറ്റ്' എന്ന പദവിയിലേക്ക് ഉയർത്തി.
സൗഹൃദത്തിൽ വിരിഞ്ഞ സാമ്രാജ്യം
സ്റ്റീവ് ജോബ്‌സിന്റെ വിജയത്തിന്റെ അടിത്തറ 1975-ൽ സ്റ്റീവ് വോസ്നിയാക്കുമായി ആരംഭിച്ച സൗഹൃദമാണ്. ഈ സൗഹൃദമാണ് ഒരു വർഷത്തിന് ശേഷം, 1976-ൽ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ പിറവിക്ക് കാരണമായത്. മാതാപിതാക്കളുടെ പഴയ ഗാരേജിൽ നിന്നാണ് ഈ ആഗോള സാമ്രാജ്യത്തിന്റെ തുടക്കം. ഒരു ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിൽ മാത്രമല്ല, അത് ഉപഭോക്താവിന്റെ കൈകളിലേക്ക് എങ്ങനെ എത്തണം എന്ന് തിരിച്ചറിഞ്ഞ മാർക്കറ്റിംഗ് തന്ത്രജ്ഞനായിരുന്നു ജോബ്‌സ്. ആപ്പിൾ II പോലുള്ള ഉൽപ്പന്നങ്ങളിലൂടെ വ്യക്തിഗത കമ്പ്യൂട്ടറുകൾ (PC) സാധാരണക്കാർക്ക് സുപരിചിതമായി.
പരാജയങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ
നെക്സ്റ്റ്, പിക്സാർ; തിരിച്ചുവരവിനുള്ള പാഠശാല
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ജോബ്‌സിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 1985-ൽ, അദ്ദേഹം സ്ഥാപിച്ച കമ്പനിയിലെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അദ്ദേഹത്തെ പുറത്താക്കി. ഈ പരാജയം ജോബ്‌സിനെ തളർത്തിയില്ല. പകരം, അവിടെനിന്നും അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു.
ആപ്പിളിന് പുറത്തായിരുന്ന കാലയളവിലാണ് അദ്ദേഹം നെക്സ്റ്റ് (NeXT) എന്ന കമ്പ്യൂട്ടർ കമ്പനിക്കും, ആനിമേഷൻ ലോകത്ത് വിപ്ലവം സൃഷ്ടിച്ച പിക്സാർ (Pixar) സ്റ്റുഡിയോയ്ക്കും രൂപം നൽകുന്നത്. 'ടോയ് സ്റ്റോറി' പോലുള്ള സിനിമകൾ പിക്സാറിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി.
ആപ്പിളിലേക്കുള്ള ഇതിഹാസ തിരിച്ചു വരവ്
1997-ൽ, സാമ്പത്തിക പ്രതിസന്ധിയിലായ ആപ്പിൾ, നെക്സ്റ്റിനെ ഏറ്റെടുത്തു. അതോടെ സ്റ്റീവ് ജോബ്‌സ് വീണ്ടും ആപ്പിളിലേക്ക് മടങ്ങി വന്നു. ആപ്പിളിന് പുതിയ ഊർജ്ജം നൽകി, ഐപോഡ് (iPod), ഐട്യൂൺസ് (iTunes), ഐമാക് (iMac) തുടങ്ങിയ ഉത്പന്നങ്ങളിലൂടെ ലോകത്തെ ഡിജിറ്റൽ ഉപഭോഗ സംസ്കാരത്തെത്തന്നെ അദ്ദേഹം മാറ്റിമറിച്ചു. "Think Different" എന്ന മുദ്രാവാക്യം ആപ്പിളിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
"Stay Hungry, Stay Foolish"
2005-ലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന പ്രസംഗത്തിൽ ജോബ്‌സ് പറഞ്ഞ ഈ വാക്കുകൾ ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് ഇന്നും ഒരു പ്രചോദനമാണ്. "വിശന്നിരിക്കുക, വിഡ്ഢിയായിരിക്കുക" എന്നതിലൂടെ, അറിവിനോടുള്ള ദാഹവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യവുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അബദ്ധങ്ങൾ സംഭവിക്കാം പക്ഷെ ശ്രമിക്കാതിരിക്കരുത് എന്ന സന്ദേശമായിരുന്നു അദ്ദേഹം ഇതിലൂടെ നൽകിയത്.
പാന്‍ക്രിയാസ് കാൻസറിനോട് ഏറെക്കാലം പോരാടിയ ശേഷം 2011 ഒക്ടോബർ 5നാണ് അദ്ദേഹം വിടവാങ്ങിയത്.