തിരുവനന്തപുരം : 49-ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിൻ്റെ 'തപോമയിയുടെ അച്ചൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒക്‌ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അഭയാർഥി പ്രശ്‌നങ്ങളും കുടിയേറ്റ പ്രശ്‌നങ്ങളും ആഴത്തിൽ ചർച്ച ചെയ്യുന്ന നോവലാണ് തപോമയിയുടെ അച്ചൻ.
കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർഥി കുടുംബത്തിൻ്റെ കഥ പറയുന്ന കൃതിയിൽ രാജ്യത്തെ അഭയാർത്ഥി പ്രശ്‌നങ്ങളും കുടിയേറ്റ പ്രശ്‌നങ്ങളും ആഴത്തിൽ ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തിടെ പുറത്തിറങ്ങിയ നോവലുകളിൽ നിന്ന് മാറ്റിസ്ഥാപിക്കാനാകാത്ത നോവലായി ജൂറി അംഗങ്ങൾ പുസ്തകത്തെ തിരഞ്ഞെടുത്തു.
ഭാഷയും കഥാപാത്രങ്ങളുടെ വൈവിധ്യവും കാരണം തപോമയി അച്ചനല്ലാതെ മറ്റൊരു കൃതിയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ജൂറി നിരീക്ഷിച്ചു. ടി ഡി രാമകൃഷ്ണൻ, ഡോ എൻ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.