തിരുവനന്തപുരം : അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ.
വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു. നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമെന്നായിരുന്നു വിഷയത്തിൽ താമരശ്ശേരി ബിഷപ്പിന്‍റെ പ്രതികരണം. നേരത്തെ എടുക്കേണ്ട തീരുമാനമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ഇപ്പോള്‍ അപകടകാരിയായ വന്യമൃഗം ജനവാസ മേഖലയിലേക്ക് ഇറങ്ങി ജനങ്ങളെ പരിക്കേൽപിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെ വെടിവെക്കാനുള്ള നടപടിക്രമങ്ങള്‍ അനവധിയാണ്. വിദഗ്ധ ആറംഗ കമ്മിറ്റി യോഗം ചേരണം. പിന്നീട് ഏത് മൃഗമാണ് അക്രമം നടത്തിയെന്ന് കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തി ഉറപ്പിക്കണം. കടുവയാണെങ്കിൽ അത് നരഭോജിയാണെന്നും ഉറപ്പിക്കണം. ഇത്തരത്തിലുള്ള അനവധി നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് വെടിവെക്കാൻ ഉത്തരവിടാൻ സാധിക്കൂ.