പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവം; ഒരാൾ അറസ്റ്റിൽ #Waste_Management


മലപ്പുറം:ആന്തിയൂര്‍ക്കുന്നില്‍ ജനവാസപ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ആശുപത്രി മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് ആന്തിയൂര്‍ക്കുന്ന് ഒറ്റപ്പുലാക്കല്‍ ഹസിബുദ്ദീനാണ് (35) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഹസിബുദ്ദീനെന്നും വിവിധ സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കരാറെടുത്തയാളില്‍ നിന്ന് ഉപകരാറെടുത്തതായിരുന്നു ഇയാളെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രധാന കരാറുകാരന്‍, ക്വാറിയുടമ മാലിന്യം കൊണ്ടുവന്ന ലോറിയുടമ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെ പുളിക്കല്‍ ആന്തിയൂര്‍ക്കുന്നില്‍ അരൂര്‍- ചെവിട്ടാണിക്കുന്ന് റോഡരികിലെ കരിങ്കല്‍ ക്വാറിയിലാണ് ടോറസ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ 10 ലോഡോളം മാലിന്യമാണ് തള്ളിയിരുന്നത്. സംഭവമറിഞ്ഞ് അര്‍ധരാത്രിക്ക് ശേഷം നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടുകയും മാലിന്യം കൊണ്ടുവന്നവരെയും വാഹനവും പിടികൂടി കൊണ്ടോട്ടി പൊലീസിലും പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0