തോരായിക്കടവ് പാലം തകർന്ന സംഭവം; വീഴ്ച പറ്റിയെങ്കിൽ കർശന നടപടി ഉണ്ടാകും, മന്ത്രി മുഹമ്മദ് റിയാസ് #Thoraikkadavu_Bridge
കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അധികൃതർ പരിശോധന നടത്തിയതിനുശേഷവും എന്തെങ്കിലും വീഴ്ചയുണ്ടായാൽ വിട്ടുവീഴ്ച ചെയ്യില്ല. മുൻവിധിയോടെ ഒന്നും പറയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വെങ്ങളം-അഴിയൂർ ദേശീയപാത അതിന്റെ സാധ്യതയനുസരിച്ച് ഉയരാത്ത ഒരു റീച്ചായി മാറിയിരിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണ്. സർക്കാർ അതിനൊപ്പമുണ്ട്. ശരിയായ നിലപാട് സ്വീകരിക്കുന്നതിൽ കരാറുകാർ പരാജയപ്പെട്ടത് നേരത്തെ അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള കാര്യമാണ്. സർവീസ് റോഡുകളുടെ പ്രവൃത്തി ഉൾപ്പെടെ പ്രവൃത്തികൾ നിർത്തിവയ്ക്കാതെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം, കൊയിലാണ്ടി-ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് പാലത്തിന്റെ സ്പാൻ തകർന്നത്. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ മധ്യഭാഗം തകർന്നു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കരാർ കമ്പനിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായതായി നാട്ടുകാർ പറയുന്നു.
മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ നടത്തുന്നത്. പാലം നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. എൽഡിഎഫ് സർക്കാർ കിഫ്ബി വഴിയാണ് നിർമ്മാണം നടപ്പിലാക്കുന്നത്.