എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം; സംസ്ഥാനത്തും വിപുലമായ ആഘോഷം #Independence_day
തിരുവനന്തപുരം: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. സംസ്ഥാനത്തും വിപുലമായ ആഘോഷം.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ശേഷം അഭിവാദ്യം സ്വീകരിച്ചു. മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു.
കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. ബഹുനില കെട്ടിടങ്ങളിൽ സ്നൈപ്പർമാരെ നിയോഗിച്ചതിന് പുറമെ നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. വ്യാഴം രാത്രിമുതൽ തന്നെ വാണിജ്യ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് ഡൽഹി പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിൽ പരിശോധന ശക്തമാക്കി.