പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടന്റെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നിസാര പരിക്കേറ്റു. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ 6 മണിയോടെയാണ് സംഭവം. 'ആടു 3' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു. കാറിന്റെ മുൻഭാഗം ലോറിക്കടിയിൽ പൂർണ്ണമായും തകർന്നു. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരുടെയും കൈകൾക്കും നെറ്റിക്കും പരിക്കേറ്റു. ഇവർ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.