പയ്യന്നൂരിൽ കടകൾ കുത്തിത്തുറന്ന് പണവും സിഗരറ്റുകളും കവർന്നു # theft
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം കൊറ്റിയിൽ രണ്ടുകടകളിൽ മോഷണം. പണവും സിഗരറ്റുകളും സ്‌നാക്‌സും മോഷ്ടിച്ചു. കൊറ്റിയിലെ സൂപ്പർമാർക്കറ്റിൽ മോഷണ ശ്രമവുമുണ്ടായി. മോഷ്ടാക്കളുടെ ദൃശ്യം കടയിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊറ്റിയിലെ എം.ജി. സ്റ്റോറിലും യുടിഎം ക്വാർട്ടേഴ്‌സിന് സമീപത്തെ രഘുവിന്റെ പലചരക്ക് കടയിലും മോഷണം നടന്നത്. പൂട്ട് തകർത്ത മോഷ്ടാക്കൾ എംജി സ്റ്റോറിന്റെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,200 രൂപയും ലഘുഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു.
യുവമോഷ്‌ടാക്കളായ മൂന്നുപേരുടേയും ദൃശ്യങ്ങൾ സ്ഥാപനത്തിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ മാസ്‌ക് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ കടയിൽ നിന്നും സാധനങ്ങൾ ബാഗിൽ കടത്തികൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സമീപത്തെ രഘുവിൻ്റെ പലചരക്കു കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയതും സമാനമായ രീതിയിലാണ്. ഇവിടെനിന്നും സിഗരറ്റുകളുൾപ്പെടെ 35,000 രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടു പോയി. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യാപാരികൾ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മാസങ്ങൾക്ക്മുമ്പ് മോഷണം നടന്ന കൊറ്റിയിലെ ഫാൻസ് സൂപ്പർമാർക്കറ്റിൻ്റെ പൂട്ട് തകർക്കാനും ശ്രമം നടന്നു.