കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അനിയനും ഇരട്ടവോട്ട്. സുഭാഷ് ഗോപിയ്ക്കും ഭാര്യ റാണി സുഭാഷിനും കൊല്ലത്തും തൃശൂരും ആണ് വോട്ടുള്ളത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസിൻ്റെ പേരിലാണ് വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 1116ാം നമ്പർ വിജ്ഞാന ഭവൻ ബൂത്തിലാണ് വോട്ട്. ക്രമനമ്പർ 1116 ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ വിവരങ്ങളാണ് പുറത്ത് വന്നത്.
അതേസമയം സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശ്ശൂരിൽ വോട്ട്. കോട്ടയം പാലാ സ്വദേശി ബിജു പുളിക്കകണ്ടത്തിലും ഭാര്യയുമാണ് തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജുവിന്റെയും ഭാര്യയുടെയും വോട്ട് പാലാ നഗരസഭയിൽ ആണ്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ വോട്ട് തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിൽ ആയിരുന്നു.
തൃശൂർ വോട്ട് കൊള്ളയിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും ഉള്ളതായി വാർത്ത വന്നിരുന്നു. പൊൻകുന്നം ക്യാപിറ്റൽ C4 ലെ വോട്ടർ, എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറയുന്നു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ്. തദ്ദേശ വോട്ടർ പട്ടികയിൽ അജയകുമാറിന് വോട്ട് തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലത്താണ്. എസ് അജയകുമാറിനെ തിരിച്ചറിഞ്ഞത് വോട്ടർ ഐ ഡി നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആണ്.