പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് ശ്രീസ്ഥയിലെ എം.വി ധനേഷിന്റെ അമ്മ ശ്യാമള നിരന്തര ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയതെന്നാണ് ധനജയുടെ മൊഴി. ഇതില്‍ ആറുവയസുകാരന്‍ ധ്യാന്‍കൃഷ്ണയാണ് മരിച്ചത്.
കേസില്‍ തിങ്കളാഴ്ച്ച ധനജയുടെ പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ജൂലായ് 30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ ധനജയും ഇളയകുട്ടി ദേവികയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ധനജയുടെ തുടര്‍ചികില്‍സ ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.
ധനജയുടെ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശ്യാമളക്ക് ജാമ്യം അനുവദിച്ചു.