ന്യൂഡൽഹി: ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളേയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൃത്യമായ ഷെൽറ്ററുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടൽ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പേവിഷബാധയുള്ള നായകളുടെ ശല്യം അധികമാകുന്നതും ഒരുപാട് പേരെ അക്രമിക്കുന്നതും മരണമുണ്ടാകുന്നതും പതിവായതിന്റെ പശ്ചാത്തലത്തിലാണ് അതിപ്രധാനമായ ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
പ്രായവ്യത്യാസമില്ലാതെ നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നത്. ജസ്റ്റിസ് പാര്‍ഡിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ അഭിപ്രായങ്ങളും എതിര്‍വാദങ്ങളും മുഖവിലക്കെടുക്കും. എന്നാല്‍ നായപ്രേമികളോ അല്ലെങ്കില്‍ മറ്റുതരത്തിലോ ഉള്ള ആരുടേയും വാദങ്ങള്‍ കേള്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.