കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് #rain_update
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. 19, 20 തീയതികളിൽ ജില്ലയിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ദുരന്തസാധ്യത മേഖലയിൽ ഉള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും 24x7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നത് അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ സമൂഹ മാധ്യമ പേജുകളും പരിശോധിക്കുക.