തിരുവനന്തപുരം: കേരള സർക്കാർ മെഡിസെപ്പിന്റെ പുതിയ പാക്കേജ് നടപ്പിലാക്കുമ്പോൾ, 10 ഇനങ്ങളിൽ ഗുരുതര/അവയവ മാറ്റിവയ്ക്കൽ ചികിത്സാ പാക്കേജുകൾ ഉണ്ടാകും. ഇതിനായി ഇൻഷുറൻസ് കമ്പനി രണ്ട് വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവയ്ക്കണം.
സർക്കാർ ആശുപത്രികളിലെ പേ വാർഡ് വാടക പ്രതിദിനം 2,000 രൂപ വരെയായിരിക്കും. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറി വാടക (പ്രതിദിനം 5,000 രൂപ) ഉണ്ടായിരിക്കും.
കാറ്റസ്‌ട്രോഫിക് പാക്കേജിൽ (അത്യാപത്കര രോഗങ്ങൾ) ഉൾപ്പെടുത്തിയിരുന്ന രണ്ടുചികിത്സകൾ (കാർഡിയാക് ആർ സിംക്രണൈസേഷൻ തെറാപ്പി-സിആർടി വിത്ത് ഡിഫ്രൈബിലേറ്റർ -ആറുലക്ഷം, ഐസിഡി ഡ്യൂവൽ ചേംബർ -അഞ്ചുലക്ഷം) മെഡിസെപ് ഒന്നാം ഘട്ടത്തിൽ ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെക്കൽ, ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും
തുടർച്ചയായ ചികിത്സ ആവശ്യമുള്ള ഡയാലിസിസും കീമോതെറാപ്പിയും ഇൻഷുറൻസ് പോർട്ടലിൽ ഒറ്റ രജിസ്ട്രേഷന് അനുവദിക്കും. ശസ്ത്രക്രിയ, മെഡിക്കൽ പാക്കേജുകൾ ഒരേസമയം അംഗീകരിക്കപ്പെടും.