കണ്ണൂർ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് തലേദിവസം വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കെതിരെ യുവജന പ്രതിഷേധം. ഗവർണർ പുറത്തിറക്കിയ വിവാദ സർക്കുലർ കത്തിച്ചുകൊണ്ട് ഡിവൈഎഫ്ഐ കണ്ണൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പരിചയമില്ലെന്നും ഗാന്ധിവധം നടത്തിയ ഹിന്ദുത്വ പ്രവർത്തകർ രാജ്യത്തിന്റെ ഉഗ്രമായ പോരാട്ട ചരിത്രത്തെ ഭയപ്പെടുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ഓണം വാമന ജയന്തിയാക്കി മാറ്റി, സ്ഥലനാമങ്ങൾ മാറ്റി എഴുതി. ചരിത്രത്തിൽ വ്യാജകഥകൾ കെട്ടിച്ചമച്ചു. സ്വാതന്ത്ര്യദിനത്തെ കളങ്കപ്പെടുത്താനുള്ള വിവാദ വിഭജന ഭീതി ദിന സർക്കുലറാണ് ഇതിന്റെ മറ്റൊരു ഘട്ടം. കേരളം എപ്പോഴും ആർഎസ്എസിനെ പ്രതിരോധിച്ച രാജ്യമാണ്.ഇവിടെ ഗവർണറെ മുൻനിർത്തിയുള്ള നടത്തുന്ന നീക്കങ്ങൾ എല്ലാ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം വി ഷിമ സംസാരിച്ചു.