ഗാന്ധിജിക്കും മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനം #Independence_day

 
ന്യൂഡൽഹി: ഇന്ത്യൻ വർഗീയതയുടെ ആധാരശിലയായ ഹിന്ദുത്വ എന്ന ആശയം ആവിഷ്‌കരിച്ച വി ഡി സവർക്കറെ വീരപുരുഷനാക്കാനുള്ള സംഘപരിവാർ ശ്രമം തുടരുന്നു. രാജ്യം എഴുപത്തിയൊമ്പതാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ​മഹാത്മ ​ഗാന്ധിയ്ക്കൊപ്പം സവർക്കറിന്റെ ചിത്രവുമായാണ് പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യ ദിനാശംസ പോസ്റ്റർ തയ്യാറാക്കിയത്.

‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം’ – എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റർ പങ്കുവെച്ചത്.

 വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവർക്കർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ ! കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഈ സവർക്കർ വീരാരാധന. ഇത് യാദൃശ്ചികമല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേർ എതിർവശം സവർക്കറേ പ്രതിഷ്ഠിച്ചവരാണ് ഇവർ.

ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നത്. ഗാന്ധിജിയുടെ വധത്തിൽ സവർക്കർ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം കുറ്റവിമുക്തനായെങ്കിലും, പിന്നീട് കപൂർ കമ്മീഷൻ സവർക്കറിനെതിരെ സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശ്രദ്ധേയമാണ്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0