ഭക്ഷണം നൽകിയില്ല; ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് ആറു ദിവസത്തോളം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി #Assault

 
പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി.

പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയിൽ ഫാം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ട മദ്യ കുപ്പിയിൽ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലാണ് ക്രൂരമര്‍ദ്ദനമെന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. തുടര്‍ന്ന് വെള്ളയനെ മര്‍ദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു.

മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറു ദിവസത്തോളമാണ് വെള്ളയനെ മുറിയിൽ പൂട്ടിയിട്ടത്. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു ക്രൂരമര്‍ദ്ദനമെന്നാണ് പരാതി. ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് വെള്ളയന്‍റെ മൊഴിയെടുത്തു.




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0