മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
രണ്ട് പാലങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഗ്രാമവാസികള്‍ സുരക്ഷിതരാണെന്നും സാമൂഹികമാധ്യമത്തിലൂടെ അനുരാധ റാണ പ്രതികരിച്ചു. ഷിംലയില്‍ രാംപുരിലെ നന്തി പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനം മിന്നല്‍പ്രളയത്തിന് കാരണമായി. ഷിംലയിലെ ഗന്‍വി ഗ്രാമത്തിലേക്കുള്ള പാലം ഒലിച്ചുപോയതോടെ ഇവിടേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിതടസ്സവും നേരിടുന്നുണ്ട്. ഗന്‍വി ഗ്രാമത്തിലുള്ള എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.