അസ്തമിക്കില്ല നിത്യതാരകം; പാതയോരങ്ങളിൽ പ്രിയ സഖാവിനായി ആയിരങ്ങൾ; പോരാട്ടമണ്ണിലൂടെ യാത്ര തുടരുന്നു #VS Achuthanadan

 
ആലപ്പുഴ : പ്രിയ സഖാവിനെ കൺനിറയെ കാണാനായി കാത്ത് ആലപ്പുഴ. കേരളത്തിന്റെ വിപ്ലവനായകൻ വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലൂടെ തുടരുന്നു. രാവിലെ ഏഴോടെയാണ് ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരത്തുനിന്ന് വിലാപ യാത്ര ആരംഭിച്ചെങ്കിലും രാത്രി വൈകി ഒന്നോടെയാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കാനായത്. നിശ്ചയിച്ചിരുന്നതിലും ഏറെ ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി വാഹനം നിർത്തി. കനത്ത മഴയെ അവ​ഗണിച്ച് പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നിരുന്നു. വി എസ് ഏൽപ്പിച്ച ചെങ്കൊടിയുയർത്തി മുദ്രാവാക്യങ്ങളുമായി ജനങ്ങളുടെ നീണ്ട നിരയാണ് കൊല്ലത്തും ആലപ്പുഴയിലും വി എസിനായി കാത്തുനിന്നത്. വി എസിനെ കാണാനായി ഏറെ ദൂരെ നിന്ന് വന്നവരുമുണ്ടായിരുന്നു. ആലപ്പുഴയിൽ പലയിടങ്ങളിലും വി എസിനെ കാണാനായി ജനങ്ങൾ തടിച്ചുകൂടി.

പുന്നപ്രയിലെ വീട്ടിലെത്തിച്ച ശേഷം വി എസിനെ പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിക്കും. ഇവിടുത്തെ പൊതുദർശനത്തിന്റെ സമയത്തിൽ ക്രമീകരണമുണ്ടാകും. ശേഷം തിരുവമ്പാടി ജങ്​ഷൻ, ജനറൽ ആശുപത്രി ജങ്​ഷൻ, കലക്​ടറേറ്റ്​ ജങ്​ഷൻ, ആലപ്പുഴ ബീച്ച്​ വഴി റിക്രിയേഷൻ ഗ്ര‍ൗണ്ടിൽ എത്തും. റിക്രിയേഷൻ ഗ്ര‍ൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്​ഷൻവഴി​ മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന​ വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ആലപ്പുഴ ജില്ലയിൽ ഇന്ന് ​ഗതാ​ഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0