മാറ്റങ്ങളോടെ 'റേഡിയോശ്രീ' #Radiosree

 


തിരുവനന്തപുരം: മാറ്റങ്ങളോടെ 'റേഡിയോശ്രീ' ശ്രോതാക്കളിലേക്ക്. സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട ശബ്ദമായി കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ അപ്ലിക്കേഷൻ "റേഡിയോശ്രീ' ശ്രോതാക്കളുടെ കാതുകൾക്ക് കുളിർമയേകാൻ എത്തുകയായി. മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ പ്രക്ഷേപണം. പ്രവാസ ലോകത്തെ മലയാളി സമൂഹത്തിൽ ഇതിനകം ശ്രദ്ധ നേടിയ മലയാളം മിഷന്റെ റേഡിയോ മലയാളത്തിലൂടെ കുടുംബശ്രീ പരിപാടികൾ ലോകമെങ്ങും ആസ്വദിക്കാൻ കഴിയും. വിനോദവും വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ചുള്ള പരിപാടികളുണ്ടാകും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമെത്തിച്ച്‌ ആഗോളതലത്തിലുള്ള വിജ്ഞാന വ്യാപനമാണ് ലക്ഷ്യം. ആറ് വ്യത്യസ്ത പരിപാടികളാണ്‌ പ്രക്ഷേപണം ചെയ്യുക. എല്ലാം ഒരു മണിക്കൂർ വീതം. രാവിലെ ഏഴുമുതൽ പകൽ ഒന്നുവരെയാണ് ആദ്യ ഷെഡ്യൂൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും പ്രക്ഷേപണമുണ്ടാകും. രണ്ടു മണിക്കൂർ ഇടവിട്ട് അഞ്ചു മിനിറ്റ്‌ വീതം കുടുംബശ്രീ വാർത്തകളുമുണ്ടാകും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ് സ്റ്റോർ, പ്ലേസ്റ്റോർ വഴിയും കൂടാതെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോർ, ഐഒഎസ് സ്റ്റോർ അക്കൗണ്ട് വഴിയും റേഡിയോ കേൾക്കാം. www.radio shree.com എന്ന വെബ്സൈറ്റിലും റേഡിയോശ്രീ പ്രക്ഷേപണമുണ്ട്‌.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0