കാർ കത്തി അപകടം; നാടിന്റെ നോവായി ആൽഫ്രഡും എമിലും #Fire_Accident
By
Editor
on
ജൂലൈ 15, 2025
പാലക്കാട്: ചിറ്റൂർ പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച ആൽഫ്രഡ് മാർട്ടിൻ(6), എമിൽ മരിയ(4) എന്നിവരുടെ സംസ്കാരം ഇന്ന്. വൈകിട്ട് നാലിന് അട്ടപ്പാടി താവളം ദേവാലയം സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ 9.30ന് കുട്ടികൾ പഠിച്ച പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു. അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാനെത്തി. ഒരു നാട് മുഴുവൻ കുട്ടികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്.
ചിറ്റൂർ ഹോളി ഫാമിലി ചർച്ചിലും പൊതുദർശനം നടത്തും. തുടർന്ന് പകൽ മൂന്നിന് കുട്ടികളുടെ അമ്മയുടെ നാടായ അട്ടപ്പാടി താവളത്തെ വീട്ടിലെത്തിക്കും. 3.15 മുതൽ താവളം ഹോളി ട്രിനിറ്റി ദേവാലയം പാരിഷ് ഹാളിലും പൊതുദർശനമുണ്ടാകും. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്മ എൽസി ഇപ്പോഴും ചികിത്സയിലാണ്. മൂത്ത മകൾ അലീന, കുട്ടികളുടെ മുത്തശ്ശി ഡെയ്സി എന്നിവർ അപകടനില തരണം ചെയ്തു.