പയ്യാവൂർ : മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം അഞ്ചരയോടെ പയ്യാവൂർ ചമതച്ചാൽ ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇതിനടുത്ത് തന്നെ, വെള്ളിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ മറ്റൊരു അപകടത്തിൽ കാൽനട യാത്രികൻ മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആളുകൾ ജീവൻനഷ്ടപ്പെട്ട നാല് പ്രധാന അപകടങ്ങളും നിരവധി പേർക്ക് പരിക്കേൽക്കുന്ന അപകടങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ട്.
മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച റോഡിന്റെ മികച്ചതായതോടെ വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. വളവുകൾ കൂടുതലുള്ള ഈ ഭാഗത്ത് വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായിത്തീർന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
അപകടങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രണ ബോർഡുകളും അപകട മുന്നറിയിപ്പ് അറിയിക്കുന്ന സിഗ്നലുകളും ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ നിയന്ത്രണ സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും നാട്ടുകാർപ് ആവശ്യപ്പെടുന്നു.